കേരള വാര്‍ത്താ പത്രിക

Select old Issue :

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനി ഓര്‍മ്മ മാത്രം
മലയാളികളുടെ മനസ്സില്‍ ഗതകാലചരിത്രത്തിന്റെ ഓര്‍മ്മകളുമായി ജ്വലിച്ചുനിന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനിയില്ല. ഏപ്രില്‍ ഒന്നുമുതല്‍ എസ്.ബി.ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗമായി മാറുകയാണ്. എസ്.ബി.ടിയെ കൂടാതെ മറ്റ് നാട്ടുരാജ്യബാങ്കുകളും എസ്.ബി.ഐയില്‍ ലയിക്കുന്നതോടെ അത് ലോകത്തെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായി മാറും.
1729ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സ്ഥാപിച്ച "തിരുവിത-ാംകൂര്‍" എന്ന നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചിട്ടും ആ നാമം ലോകം മുഴുവന്‍ ദശാബ്ദങ്ങളായി നിറഞ്ഞുനിന്നിരുന്നത് എസ്.ബി.ടിയിലൂടെയാണ്. മുമ്പ് തിരുവിത-ാംകൂര്‍ സര്‍വകലാശാല ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങള്‍ പുതിയ നാമം സ്വീകരിച്ചുവെങ്കിലും എസ്.ബി.ടി ആ നാട്ടിന്റെ ഓര്‍മകളുമായി നിന്നു. ഇനി "തിരുവിത-ാംകൂര്‍" എന്ന പഴയ നാട്ടുരാജ്യം ചരിത്രരേഖകളില്‍ മാത്രം.

ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ കാലത്ത് ദിവാന്‍ സര്‍ സി.പി. മുന്‍കൈയെടുത്ത് സ്ഥാപിച്ച ട്രാവന്‍കൂര്‍ ബാങ്കാണ് പില്‍ക്കാലത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്സിഡിയറി ബാങ്കായി മാറിയ എസ്.ബി.ടിയായത്. 1945 സെപ്റ്റംബര്‍ 12-ാം തീയതിയാണ് ബാങ്കിന്റെ തുടക്കം. കഴിഞ്ഞ 72 വര്‍ഷത്തിനുള്ളില്‍ 19 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1,177 ശാഖകളും 1,707 എ.ടി.എമ്മുകളും 14,892 ജീവനക്കാരും 1,60,473 കോടി രൂപയുടെ നിക്ഷേവുമായി എസ്.ബി.ടി വളര്‍ന്നു. കേരളത്തിലെ സമസ്ത മേഖലകളിലെയും കൈത്താങ്ങായിരുന്നു എസ്.ബി.ടി. കേരളത്തിലെ കാര്‍ഷികവ്യവസായ മേഖലയ്ക്ക് ബാങ്കിന്റെ സംഭാവന വലുതാണ്. അങ്ങനെയുള്ള ഒരു മഹാസ്ഥാപനമാണ് വിട പറയുന്നത്.

ഇനി എല്ലാ കണ്ണുകളും മലപ്പുറത്തേക്ക്
രാഷ്ട്രീയ കേരളത്തിന്റെ എല്ലാ കണ്ണുകളും ഏപ്രില്‍ 12ന് മലപ്പുറത്ത് നടക്കുന്ന ലോകസഭാ ഉപതെരഞ്ഞെടുപ്പിലാണ്. ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം ചൂടായി. ഇന്ത്യന്‍യൂണിയന്‍ മുസ്ലീം ലീഗിന്റെ കരുത്തനായ നേതാവും മുന്‍മന്ത്രിയും ഇപ്പോഴത്തെ നിയമസഭ-ാംഗവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഈയിടെയാണ് കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഡി.വൈ.എഫ്.ഐ ജില്ലാനേതാവും യുവാവുമായ എം.ബി. ഫൈസല്‍ ആണ് സി.പി.എം സ്ഥാനാര്‍ഥി. എന്‍. ശ്രീപ്രകാശിനെയാണ് ബി.ജെ.പി. രംഗത്ത് ഇറക്കിയിരിക്കുന്നത്. ഇ. അഹമ്മദ് 1.94 ലക്ഷം വോട്ട് ഭൂരിപക്ഷം നേടിയ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വിജയം നിഷ്പ്രയാസമാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ കരുതുന്നു. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തില്‍ അവര്‍ക്ക് തെല്ലും ആശങ്കയില്ല. അതേസമയം ചെറുപ്പക്കാരുടെ വോട്ടുകളിലാണ് സി.പി.എം കണ്ണുവെയ്ക്കുന്നത്. ഭരണനേട്ടങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പ്രസ്താവിച്ചിട്ടുമുണ്ട്. ബി.ജെ.പി. കഴിഞ്ഞ പ്രാവശ്യം നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ട് പിടിക്കമെന്നാണ് അവരുടെ വാദം. യു.ഡി.എഫില്‍ നിന്നും പിന്‍മാറി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് (എം) കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മന്ത്രി സി.കെ. ശശീന്ദ്രന്റെ രാജി ഭരണമുന്നണിക്ക് തലവേദന
ക്ലീന്‍ ഇമേജോടും ശക്തമായ നടപടികളോടും കൂടി ഭരണം ആരംഭിച്ച പിണറായി വിജയന്റെ മന്ത്രിസഭയ്ക്ക് ഏറ്റ രണ്ടാമത്തെ ആഘാതമാണ് ഗതാഗതമന്ത്രി സി.കെ. ശശീന്ദ്രന്റെ രാജി. മുമ്പ് ബന്ധുനിയമനത്തിന്റെ പേരില്‍ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ രാജിവച്ചതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണം തുടരുകയാണ്. അതിനിടയിലാണ് പത്തുമാസത്തിനുള്ളില്‍ മാര്‍ച്ച് 26ന് ശശീന്ദ്രന്റെ രാജി. ഒരു സ്ത്രീയോട് അശ്ലീലച്ചുവയുള്ള ടെലിഫോണ്‍ സംഭാഷണം നടത്തി എന്ന പേരില്‍ ഉയര്‍ന്ന ആരോപണമാണ് ശശീന്ദ്രന്റെ രാജിക്ക് കാരണമായത്. ഈ സംഭാഷണം പുതുതായി തുടങ്ങിയ മംഗളം ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. താന്‍ അങ്ങനെ ഒരു സംഭാഷണം നടത്തിയിട്ടില്ലെന്ന് ശശീന്ദ്രന്‍ ഉറപ്പിച്ചുപറയുന്നു. ഇതേപ്പറ്റി അന്വേഷണം നടത്തണമെന്നും അന്വേഷണം നടത്തുന്ന സ്ഥിതിക്ക് മന്ത്രിസഭയില്‍ തുടരുന്നത് ശരിയല്ലെന്നും പറഞ്ഞാണ് ശശീന്ദ്രന്‍ രാജി പ്രഖ്യാപിച്ചത്. ശശീന്ദ്രന്‍ സംസാരിച്ച സ്ത്രീ ഏതാണെന്ന് അറിയില്ല. ഇതേവരെ ഇതേവരെ ഒരു സ്ത്രീയും പരാതിപ്പെട്ടിട്ടുമില്ല. സര്‍ക്കാര്‍ ഫോണ്‍ സംഭാഷണത്തില്‍ വസ്തുത വെളിച്ചത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ശശീന്ദ്രനു പകരം എന്‍.സി.പിയുടെ കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി
ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എസ്.എം. വിജയാനനന്ദ് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. കേരളത്തിലെ നാലാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ് നളിനി നെറ്റോ. നളിനിയുടെ പിതൃസഹോദരീപുത്രി ഗിരിജാ വൈദ്യനാഥനാണ് ഇപ്പോഴത്തെ തമിഴ്നാട് ചീഫ് സെക്രട്ടറി. നളിനി നെറ്റോയ്ക്ക് മുമ്പ് പത്മാരാമചന്ദ്രന്‍, നീലാ ഗംഗാധരന്‍, ലിസി ജേക്കബ് എന്നിവരാണ് വനിതാ ചീഫ് സെക്രട്ടറിമാരായത്.

വിജയാനന്ദിനും ഷീലാ തോമസിനും യാത്രയയപ്പു നല്‍കി
ചീഫ് സെക്രട്ടറിസ്ഥാനത്തുനിന്നും വിരമിച്ച എസ്.എം. വിജയാനന്ദിനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാതോമസിനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗം യാത്രയയപ്പു നല്‍കി. സിവില്‍ സര്‍വീസ് ദന്തഗോപുരമാണെന്ന് കരുതി ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് പ്രവര്‍ത്തിച്ചവരല്ല ഈ രണ്ടുപേരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കേരളത്തില്‍ തോക്ക് ലൈസന്‍സിന് വനിതാഅപേക്ഷകര്‍ കൂടുന്നു
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെ സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു. ആറുമാസത്തിനിടെ പുതിയതായി അപേക്ഷിച്ചവരില്‍ പകുതിയും സ്ത്രീകളാണ്. കോട്ടയത്ത് 16 സ്ത്രീകള്‍ ഇതിനകം തോക്ക് ലൈസന്‍സ് നേടി.

അപേക്ഷകരില്‍ 70 ശതമാനത്തോളം പേര്‍ പിസ്റ്റളിനാണ് ലൈസന്‍സ് തേടുന്നത്. ഇപ്പോള്‍ 16,000 തോക്ക് ലൈസന്‍സുകള്‍ സംസ്ഥാനത്തുണ്ട്. ഇതിന്റെ ഇരട്ടിയോളമാണ് പുതിയ അപേക്ഷകര്‍.
വനിതകള്‍ തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നതിന്റെ വിശദ-ാംശങ്ങള്‍ പുറത്തുവിടുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനുശേഷം തൃശ്ശൂര്‍, തിരുവനന്തപരം, കൊച്ചി നഗരപരിധികളില്‍ വനിതാഅപേക്ഷകര്‍ കൂടി. എന്നാല്‍ അപേക്ഷിക്കുന്നവര്‍ക്കെല്ല-ാം ലൈസന്‍സ് നല്‍കാറില്ല. ശാരീരിക മാനസിക സ്ഥിതി വിലയിരുത്തി അപേക്ഷകള്‍ തള്ളാറുണ്ട്. ഏറ്റവുമധികം തോക്ക് ലൈസന്‍സുള്ളത് എറണാകുളത്താണ് 3200. നാല് വനിതകളും ഇതില്‍ പെടുന്നു, കുറവ് ആലപ്പുഴ ജില്ലയിലാണ് ഒരു വനിതയടക്കം 10 എണ്ണം.

തോക്ക് ലൈസന്‍സ്

ജില്ല ആകെ സ്ത്രീകള്‍
എറണാകുളം 3200 4
വയനാട് 3167 ലഭ്യമല്ല
കോട്ടയം 1492 6
പാലക്കാട് 1371 ലഭ്യമല്ല
ഇടുക്കി 1335 8
കോഴിക്കോട് 1110 1
കാസര്‍കോട് 942 5
കൊല്ലം 715 ലഭ്യമല്ല
മലപ്പുറം 702 ലഭ്യമല്ല
കണ്ണൂര്‍ 573 1
പത്തനംതിട്ട 451 2
തൃശ്ശൂര്‍ 418 4
തിരുവനന്തപുരം 417 3
ആലപ്പുഴ 140 1

എം.എം. ഹസ്സന് കെ.പി.സി.സി. പ്രസിഡന്‍റ് ചാര്‍ജ്
വി.എം. സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് എം.എം.ഹസ്സന് താല്‍ക്കാലികമായി ആ ചുമതല നല്‍കിക്കൊണ്ട് ഹൈക്കമാന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു.


കൊച്ചി വിമാനത്താവളത്തില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ തുറന്നു


  • പുതിയ ടെര്‍മിനല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കു മാത്രം
  • 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം
  • 84 ചെക് ഇന്‍ കൗണ്ടറുകള്‍
  • 80 ഇമിഗ്രേഷന്‍ / എമിഗ്രേഷന്‍ കൗണ്ടറുകള്‍
  • മൂവിങ് വാക് വേയ്സ്
  • ഏഷ്യയില്‍ ആദ്യമായി 360 ഡിഗ്രി ഇമേജിങ്ങോടെ സി.ടി. സ്കാനിങ് ബാഗേജ് ഹാന്‍ഡ്ലിങ് സംവിധാനം
  • 1400 കാറുകള്‍ക്ക് പാര്‍ക്കിങ് സംവിധാനം
  • 3000 സുരക്ഷാക്യാമറകള്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് ബൃഹദ്സംരംഭങ്ങള്‍ ഒരു ദിവസം തന്നെ ഉദ്ഘാടനം ചെയ്ത് സിയാല്‍ പുതിയൊരു ചരിത്രം കുറിച്ചു. സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് മൂന്നുപദ്ധതികളും ഉദ്ഘാടനം ചെയ്തത്. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ (ടി3) പ്രവര്‍ത്തനം, ദേശീയപാതയില്‍നിന്ന് വിമാനത്താവളം വരെയുള്ള നാലുവരിപ്പാതയും മേല്‍പ്പാലവും സൗരോര്‍ജ വൈദ്യുതോത്പാദനശേഷി വര്‍ധിപ്പിക്കലിന്റെ ഒന്ന-ാംഘട്ടം എന്നീ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. മസ്കറ്റില്‍നിന്നുള്ള വിമാനമാണ് പുതിയ ടെര്‍മിനലില്‍ ആദ്യം എത്തിയത്.


ദേശീയപാതയില്‍നിന്ന് വിമാനത്താവളം വരെയുള്ള 4.3 കിലോമീറ്റര്‍ നാലുവരിപ്പാതയും അതിന്റെ ഭാഗമായുള്ള 686 മീറ്റര്‍ മേല്‍പ്പാലവും ഉദ്ഘാടനം ചെയ്തശേഷമാണ് ടി3 യിലെ ആദ്യവിമാനത്തെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. മന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിച്ചു.


മന്ത്രി മാത്യു ടി. തോമസ് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ ആമുഖ പ്രസംഗം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ബഷീര്‍ സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിയാല്‍ ഡയറക്ടര്‍ എം.എ. യൂസഫലി സ്വാഗതവും എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ നന്ദിയും പറഞ്ഞു.

വീരേന്ദ്രകുമാറിന്റെ "വിവേകാനന്ദന്‍" ഉടന്‍ പുറത്തുവരും
രണ്ടു ദശാബ്ദകാലമായി പഠനത്തിലൂടെ എം.പി. വീരേന്ദ്രകുമാര്‍ തയ്യാറാക്കുന്ന സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള ജീവചരിത്രം ഉടന്‍ പുറത്തുവരും. ഇതിന്റെ ചില ഭാഗങ്ങള്‍ മാതൃഭൂമി പത്രത്തിലൂടെയും വാരികയിലൂടെയും വന്നുകഴിഞ്ഞു. വിവേകാനന്ദന്റെ ജീവചരിത്രങ്ങള്‍ ധാരാളമുണ്ട്. അവയില്‍നിന്ന് വ്യത്യസ്തമായിരിക്കും വീരേന്ദ്രകുമാറിന്റേത്. ഇങ്ങ് കുമാരനാശാന്‍ മുതല്‍ അങ്ങ് ലിയോ ടോള്‍സ്റ്റോയി, റോമങ് റോളണ്ട് വരെയുള്ള സാഹിത്യപ്രതിഭകളെയും രാജാരവിവര്‍മ മുതല്‍ ഉള്ള ചിത്രകാരന്മാരെയും ഇന്ത്യയിലെ വ്യവസായശില്പി ടാറ്റയേയും ശാസ്ത്രപ്രതിഭയായ ജഗദീഷ് ചന്ദ്രബോസിനെയും ഉള്‍പ്പെടെ ഒരു കാലത്ത് രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യമേഖലയിലെ എത്രയോ മഹാന്മാരെ ആകര്‍ഷിച്ചതാണ് 39-ാം വയസ്സില്‍ ലോകത്തോട് വിടപറഞ്ഞ വിവേകാനന്ദന്‍. ബ്രിട്ടീഷ് ഇന്ത്യയെ സ്വാതന്ത്ര്യബോധത്തിലേക്ക് ഉണര്‍ത്തിയ ഉണര്‍ത്തുപാട്ടുകാരനായിരുന്നു അദ്ദേഹം. അദ്ദേഹമാണ് ആദ്യമായി അമേരിക്കന്‍ മണ്ണില്‍നിന്നും വിശ്വമാനവികതയുടെ സന്ദേശം ലോകത്തിന് നല്‍കിയത്. എല്ലാ മതങ്ങളും കിണറ്റിലെ തവളകളെപ്പോലെയാണെന്ന അദ്ദേഹത്തിന്റെ പരിഹാസം ഇന്നും അര്‍ഥവത്താണ്. റഷ്യന്‍ വിപ്ലവത്തിന് ദശാബ്ദം മുമ്പ് റഷ്യയിലോ ചൈനയിലോ ശൂദ്രഭരണം വരുമെന്ന് പ്രവചിച്ച സന്യാസിയാണ് അദ്ദേഹം. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളേയും ലോകത്തെ തൊഴിലാളികളുടെ കഷ്ടപ്പാടിനെയും ഓര്‍ത്ത് കരഞ്ഞ കാഷായവസ്്ത്രം ധരിച്ച ദയാലുവായിരുന്നു വിവേകാനന്ദന്‍. ഈ പശ്ചാത്തലം ഉള്‍ക്കൊള്ളുന്നതായിരിക്കും വീരേന്ദ്രകുമാറിന്റെ പുസ്തകം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാലത്ത് കേരളം "ഭ്രാന്താലയം" എന്ന് പറയാന്‍ ധൈര്യപ്പെട്ട വിവേകാനന്ദന്‍ ഡോ. പല്‍പ്പുവിന് നല്‍കിയ ഉപദേശമാണ് എസ്.എന്‍.ഡി.പി. യുടെ രൂപീകരണത്തിന് വഴിതെളിച്ചത്. ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഒത്തുചേര്‍ന്നതായിരിക്കും വീരേന്ദ്രകുമാര്‍ രചിക്കുന്ന വിവേകാനന്ദചരിത്രം.

കേരളത്തില്‍ മൂന്നിലൊരാള്‍ക്ക് പ്രമേഹം
കേരളത്തിലെ മൂന്നിലൊരാള്‍ക്ക് പ്രമേഹം ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പഠനം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ഉയര്‍ന്ന പ്രമേഹക്കാരുടെ എണ്ണം 11 ശതമാനമാണ്. പുരുഷന്മാര്‍ക്കാണ് കൂടുതല്‍ പ്രമേഹം ഉള്ളത്.

മൂര്‍ത്തീദേവി പുരസ്കാരം വീരേന്ദ്രകുമാറിന് നല്‍കി
ഭാരതീയ ജ്ഞാനപീഠം സമിതിയുടെ 34-ാമത് മൂര്‍ത്തീദേവി പുരസ്കാരം കോഴിക്കോട് ടാഗോര്‍ ഹാളില്‍ വച്ച് ജ്ഞാനപീഠജേതാവ് എം.ടി. വാസുദേവന്‍ നായര്‍, എം.പി. വീരേന്ദ്രകുമാറിന് നല്‍കി. നാലുലക്ഷം രൂപയാണ് പുരസ്കാരത്തുക. യാത്രവിവരണത്തേക്കാള്‍ ഇന്ത്യയുടെ ആത്മാവാണ് "ഹൈമവതഭൂവി"ല്‍ പ്രതിഫലിക്കുന്നതെന്ന് എം.ടി. പറഞ്ഞു, ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.

അഴിമതിയില്‍ തദ്ദേശസ്ഥാപനങ്ങള്‍ മുമ്പില്‍
61 സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയെപ്പറ്റി അന്വേഷണം നടത്തിയ വിജിലന്‍സ് മുമ്പില്‍ നില്‍ക്കുന്നത് തദ്ദേശസ്ഥാപനങ്ങളാണെന്ന് കണ്ടെത്തി. രണ്ട-ാംസ്ഥാനത്ത് റവന്യൂ വകുപ്പാണ്. പോലീസിന് ഏഴ-ാംസ്ഥാനമാണ്. ഭക്ഷ്യസുരക്ഷ, പിന്നാക്കവികസനവകുപ്പ്, സഹകരണം, അളവുതൂക്കം, ഊര്‍ജം, രജിസ്ട്രേഷന്‍, പരിസ്ഥിതി, വനം, വ്യവസായം, വിനോദസഞ്ചാരം, ദേവസ്വം, ഫിഷറീസ് എന്നീ വകുപ്പുകളിലാണ് അഴിമതി രൂക്ഷം. നിയമം, ഭവനനിര്‍മാണം, ക്ഷീരവികസനം, ജയില്‍, സംസകാരം, ഷിപ്പിങ്, സ്റ്റേഷനറി, അഗ്നിരക്ഷാസേന, വ്യവസായ പരിശീലനം എന്നീ വകുപ്പുകളില്‍ താരതമ്യേന അഴിമതി കുറവാണ്.

മൂന്നാറിലെ സമരങ്ങളില്‍ നിക്ഷിപ്തതാത്പര്യമെന്ന് നിയമസഭാസമിതി
മൂന്നാറിലെ ക്വാറി വിഷയത്തില്‍ സി.പി.എം, സി.പി.ഐ പ്രാദേശിക നേതൃത്വങ്ങള്‍ നടത്തുന്ന സമരത്തെ തള്ളിക്കളഞ്ഞ് നിയമസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട്. സമരങ്ങളില്‍ നിക്ഷിപ്തതാത്പര്യമുണ്ടെന്ന് സി.പി.ഐ നേതാവ് മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഭരണമുന്നണിക്ക് ഭൂരിപക്ഷമുള്ള നിയമസഭാസമിതി തന്നെ ഈ കണ്ടെത്തല്‍ നടത്തിയതോടെ സമരം നടത്തുന്ന പ്രാദേശിക നേതൃത്വം വെട്ടിലായി.

റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മാണവും മറ്റും സബ് കളക്ടറുടെ നേതൃത്വത്തില്‍ തടഞ്ഞതിനെതിരെയാണ് ഇടതുപാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വം സമരം നടത്തുന്നത്. പൊതുജനത്തിന്റേതായി നടത്തപ്പെടുന്ന പല പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്യുന്നതും ആവിഷ്കരിച്ച് നടപ്പാക്കുന്നതും അവയുടെ ഗുണഫലം അനുഭവിക്കുന്നതും നിക്ഷിപ്ത താത്പര്യകൂട്ടുകെട്ടുകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാറില്‍ സ്ഥിരതാമസമാക്കിയ സാധാരണക്കാരന്റെ ശബ്ദം മൂന്നാറിന്റെ പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ളതാണെന്ന തിരിച്ചറിവ് സമിതിക്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

മൂന്നാറല്‍ കൃഷിയാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയ പട്ടയഭൂമി വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് നിയമം. മണല്‍, പാറ ഖനനവും നിരോധിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണം. ഇവ കര്‍ശനമായി നടപ്പാക്കിയതാണ് പ്രാദേശിക പാര്‍ട്ടിനേതൃത്വങ്ങളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് സബ് കളക്ടറെ മാറ്റാന്‍ ആവശ്യമുയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി 27ന് യോഗം വിളിച്ചിരുന്നു.

ക്വാറികള്‍ കേരളത്തെ തകര്‍ക്കുന്നതായി പരാതി
അനധികൃതവും അനിയന്ത്രിതവുമായ പാറഖനനം കേരളത്തെ തകര്‍ക്കുന്നതായി വീണ്ടും പരാതി ഉയരുന്നു. മൂക്കുന്നിമല (തിരുവനന്തപുരം) യിലെ നൂറിലധികം ഏക്കര്‍ സ്ഥലം ഇതിനകം ക്വാറി മാഫിയ കൈയേറിയിട്ടുണ്ട്. പത്തനംതിട്ടയില്‍ നിയമം ലംഘിച്ച് 50 ക്വാറികളുണ്ടെന്ന് പറയുന്നു. പാലക്കാട് അനുമതി ഉള്ളത് ഏഴെണ്ണം. എന്നാല്‍ ഖനനം നടക്കുന്നത് നൂറിടത്തും.

ഫോബ്സ് സമ്പന്നപ്പട്ടികയില്‍ 10 മലയാളികള്‍
ഫോബ്സ് മാസിക പുറത്തുവിട്ട 2017ലെ ആഗോള സമ്പന്നപ്പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇത്തവണ പത്തുശതകോടീശ്വരന്മാര്‍. മലയാളികളായ ശതകോടീശ്വരന്മാരില്‍ ലുലു ഗ്രൂപ്പ്മേധാവി എം.എ. യൂസഫലി ഒന്ന-ാംസ്ഥാനം നിലനിര്‍ത്തി.

ആഗോളാടിസ്ഥാനത്തില്‍ 367-ാം സ്ഥാനമാണ് യൂസഫലിക്ക്. ഇന്ത്യക്കാരില്‍ പതിനെട്ട-ാം സ്ഥാനത്തും. 450 കോടി ഡോളറാണ് (30,600 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.

ആര്‍.പി. ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് മലയാളികളില്‍ രണ്ട-ാംസ്ഥാനത്ത്. അദ്ദേഹത്തിന്റെ ആസ്തി 23,800 കോടി രൂപയായി ഉയര്‍ന്നു. ആഗോളാടിസ്ഥാനത്തില്‍ 544-ാം സ്ഥാനത്താണ് രവിപിള്ള. ജെംസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ മേധാവിയായ സണ്ണി വര്‍ക്കിയാണ് മൂന്ന-ാംസ്ഥാനത്ത് 12920 കോടി രൂപ. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ശോഭ ഗ്രൂപ്പ് മേധാവി പി.എന്‍.സി.മേനോന്‍ എന്നിവരാണ് അടുത്ത സ്ഥാനത്ത്. മൂവരുടെയും ആസ്തി 10,880 കോടി രൂപ.

തൊട്ടടുത്ത സ്ഥാനത്ത് കല്യാണ്‍ ജൂവലേഴ്സ് മേധാവി ടി.എസ്. കല്യാണരാമനാണ്. ആസ്തി 9520 കോടി രൂപ. വി.പി.എസ്. ഹെല്‍ത്ത കെയര്‍ മേധാവി ഡോ. ഷംസീര്‍ വയലില്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ മേധാവി ഡോ. ആസാദ് മൂപ്പന്‍ എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റു മലയാളികള്‍. ഡോ.ഷംസീറിന്റെ ആസ്തി 8840 കോടി രൂപയും ഷിബുലാലിന്റേത് 7480 കോടി രൂപയും ഡോ. മൂപ്പന്റേത് 6800 കോടി രൂപയുമാണ്.

ഇസാഫ് ബാങ്കിന് തുടക്കമായി
തട്ടിപ്പുകളില്‍ നിന്നു രക്ഷനേടാന്‍ കേരളം സാമ്പത്തിക സാക്ഷരത കൈവരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ആദ്യ ചെറുബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്പത്തികരംഗത്തെ മോഹനവാഗ്ദാനങ്ങളില്‍ വീണുപോകുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇതിനെ മറികടക്കാന്‍ സാമ്പത്തിക സാക്ഷരത കൈവരിക്കണം. പ്രായമായ മാതാപിതാക്കളെ നോക്കാന്‍ വിദേശത്തുള്ള മക്കള്‍ക്ക് കഴിയാത്ത അവസ്ഥയുണ്ട്. അതിനാല്‍ത്തന്നെ പെന്‍ഷന്‍ പദ്ധതി ഒഴിവാക്കാനാവില്ല.

സര്‍ക്കാര്‍ പദ്ധതികളെപ്പറ്റി ബോധവത്കരണം നടത്തുമെന്ന ഇസാഫിന്റെ നിലപാട് ഗ്രാമവാസികള്‍ക്ക് പ്രയോജനം ചെയ്യും. താഴേക്കിടയിലുള്ളവര്‍ക്ക് സേവനം എത്തിക്കലാകണം ബാങ്കിന്റെ ലക്ഷ്യം. ഒരുപാടു പേര്‍ക്ക് തണലായ ഇസാഫിന് അടിസ്ഥാന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കാന്‍ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

കോര്‍പ്പറേറ്റുകളും വന്‍കിടക്കാരുമാണ് കിട്ടാക്കടങ്ങള്‍ ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇസാഫിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ ബാങ്കിങ് സംവിധാനം കെ. രാജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ് ഉദ്ഘാടനം റവന്യൂ പ്രിന്‍സിപ്പല്‍ പി.എച്ച്. കുര്യന്‍, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ബാങ്കിങ് കമ്യൂണിക്കേഷന്‍ സംവിധാനം മാനേജിങ് ഡയറക്ടര്‍ കെ. പോള്‍ തോമസ് ഉദ്ഘാടനം ചെയ്തു.

അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ അപ്രേം മെത്രാപ്പോലീത്ത, സി.പി.എം ജില്ലാസെക്രട്ടറി കെ. രാധാകൃഷ്ണന്‍, മുന്‍മന്ത്രി വി.സി. കബീര്‍, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ എം.എല്‍.എ.മാരായ എം.പി. വിന്‍സെന്റ്, ടി.വി. ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് ആദ്യവര്‍ഷം തുറക്കാന്‍ ലക്ഷ്യമിടുന്ന 85 ശാഖകളില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുള്ള 15 ശാഖകള്‍ ഉദ്ഘാടനദിവസം തുറന്നു.

കേരളത്തില്‍ തൊഴില്‍രഹിതരായ എന്‍ജിനീയര്‍മാര്‍ 30,719
കേരളത്തില്‍ തൊഴില്‍ ലഭിക്കാത്ത എന്‍ജിനീയര്‍മാരുടെ എണ്ണം 30,719 കൂണുപോലെ ഉയര്‍ന്നുവന്ന എന്‍ജിനീയറിങ് കോളേജുകളുടെ വരവാണ് ഇത്രയും തൊഴില്‍രഹിതരുടെ എണ്ണം കൂട്ടിയത്. ഓരോ വര്‍ഷവും കേരളത്തില്‍ തൊഴില്‍രഹിതരുടെ എണ്ണം കൂടിവരുകയാണ്. എന്‍ജിനീയറിങ് ഡിപ്ലോമ ഉള്ളവര്‍ 48,180 ഉം മെഡിക്കല്‍ രംഗത്ത് 3,369 ഉം ഐ.ടി രംഗത്ത് 86,191 ഉം വെറ്ററിനറി 60920, ബിരുദാനന്തര ബിരുദക്കാര്‍ 13,000 ഉം ബിരുദക്കാര്‍ 2.01 ലക്ഷവും പ്ലസ്ടുക്കാര്‍ 6.87 ലക്ഷം, എസ്.എസ്.എല്‍.സിക്കാര്‍ 20.19 ലക്ഷവും ഉണ്ടെന്നാണ് കണക്ക്.

കേരളത്തില്‍ 50 പൊതുമേഖലകളുടെ നഷ്ടം 13,969 കോടി
കേരളത്തിലെ 50 പൊതുമേഖലാസ്ഥാപനങ്ങളില്‍ 201516 സാമ്പത്തിക വര്‍ഷം ഉണ്ടാക്കിയ നഷ്ടം 1452 കോടി രൂപയാണ്. കൊല്ലങ്ങളായി സഞ്ചിതനഷ്ടം 13,969 കോടിയാണെന്ന് കണക്കാക്കുന്നു, മുന്‍വര്‍ഷം 45 സ്ഥാപനങ്ങള്‍ 718.12 കോടി ലാഭം ഉണ്ടാക്കി, എന്നാല്‍ 201516ല്‍ 43 സ്ഥാപനങ്ങളേ ലാഭം ഉണ്ടാക്കിയുള്ളൂ. അത് 522.99 കോടിയായി കുറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രത്തിന് 46.14 കോടി കേന്ദ്രസഹായം
കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതി പ്രകാരം ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് 46.14 കോടി രൂപ അനുവദിച്ചു. കേരള ടൂറിസം ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡിന് തുക കൈമാറി.
ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണത്തിന് 11.57 കോടി രൂപയും ടൂറിസ്റ്റ് അമിനിറ്റി സെന്ററിന് 3.64 കോടി രൂപയും ബഹുനില കാര്‍ പാര്‍ക്കിങ്ങിന് 23.56 കോടി രൂപയും അനുവദിച്ചു. കെട്ടിടനിര്‍മാണത്തിന് 21 കോടി രൂപയും ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങള്‍ക്ക് രണ്ടുകോടി രൂപയും വകയിരുത്തി. അഞ്ചുകോടി രൂപ ചെലവില്‍ ക്ഷേത്ര പരിസരത്ത് സി.സി. ടി.വി. സംവിധാനമൊരുക്കും. നെറ്റ്വര്‍ക്ക് കേബിളിങ്ങിനായി 94 ലക്ഷം രൂപയും ഡേറ്റാ സെന്ററിനായി 62 ലക്ഷം രൂപയും കാമറകള്‍ വാങ്ങാന്‍ അരക്കോടി രൂപയുമാണ് അനുവദിച്ചത്.
ആദ്യഘട്ടമായി 9.22 കോടി രൂപ സംസ്ഥാന ടൂറിസം വകുപ്പിന് കൈമാറി. ആദ്യഘട്ടം പൂര്‍ത്തിയായാലുടന്‍ രണ്ട-ാംഗഡു ലഭിക്കും. തുക അനുവദിച്ച കേന്ദ്രസര്‍ക്കാരിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നന്ദി അറിയിച്ചു.

നെല്‍കൃഷി ഏക്കറിന് ഇന്‍ഷുറന്‍സ തുക 33000 രൂപ, സര്‍ക്കാര്‍ വിഹിതം 13,500
നൂറുരൂപയ്ക്ക് സംസ്ഥാന കൃഷി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നവരുടെ ഒരേക്കര്‍ നെല്‍കൃഷിയുടെ നാശത്തിന് നഷ്ടപരിഹാരം 12500 രൂപ എന്നത് 35000 രൂപയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി.എസ. സുനില്‍കുമാര്‍ അറിയിച്ചു. ഇതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ നഷ്ടപരിഹാരത്തുകയായ 13500 രൂപ കൂടി ചേരുമ്പോള്‍ കര്‍ഷകന് 48,500 രൂപ ലഭിക്കും. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്രയും ഉയര്‍ന്ന തുക നല്‍കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

വാഴയ്ക്ക് 50 രൂപ എന്നത് 300 രൂപയായും തെങ്ങിന് 700 രൂപ എന്നത് രണ്ടായിരം രൂപയുമായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പച്ചക്കറികൃഷിക്ക് ഏക്കറിന് 12500 രൂപ എന്നത് 25,000 രൂപയായി വര്‍ധിപ്പിക്കും. ഓരോ വിളയ്ക്കും രണ്ടിരട്ടി മുതല്‍ ആറിരട്ടി വരെ വര്‍ധന വരുത്തി നഷ്ടപരിഹാരം നല്‍കും. നിലവില്‍ ഒരേക്കര്‍ നെല്‍കൃഷി നശിച്ചാല്‍ ഇന്‍ഷുറന്‍സ് തുക 12500 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 13500 രൂപയും അടക്കം 26,000 രൂപയാണ് കര്‍ഷകന് ലഭിക്കുന്നത്. കടുത്ത വേനലില്‍ വന്‍കൃഷിനാശമുണ്ടായ പശ്ചാത്തലത്തിലാണ് ഇന്‍ഷുറന്‍സ് ആനുകൂല്യത്തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
കൃഷിക്കാരുടെ പ്രാദേശിക കൂട്ടായ്മ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 40 ശതമാനം യുവാക്കളുടെ കൂട്ടായ്മയായിരിക്കും. കര്‍ഷക കൂട്ടായ്മയിലൂടെ വിളയിച്ചെടുക്കുന്ന നെല്ല് കുത്തി പ്രാദേശിക ബ്രാന്‍ഡില്‍ അരിയായി പുറത്തിറക്കാനാണ് ഉദ്ദേശ്യം. ഇതിനായി പ്രാദേശിക തലത്തില്‍ മില്ലുകള്‍ ആരംഭിക്കാന്‍ അടുത്ത ബജറ്റില്‍ തുക വകയിരുത്തും

ചരമം
സ്വാമി നിര്‍മലാനന്ദഗിരി സമാധിയായി
സന്ന്യാസിശ്രേഷ്ഠനും പ്രഭാഷകനും ഭിഷഗ്വരനുമായ സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് (87) പാലക്കാട്ട് സമാധിയായി.


കോവളം ചന്ദ്രന്‍ അപകടത്തില്‍ മരിച്ചു
"കേരള ഡീലക്സ്" പത്രാധിപര്‍ കോവളം ചന്ദ്രന്‍ അപകടത്തില്‍ മരിച്ചു. ഒരു ടെമ്പോവാന്‍ തട്ടിയാണ് അപകടം ഉണ്ടായത്. അടിയന്തരാവസ്ഥയ്ക്ക് എതിരെ ആദ്യം പത്രം ഇറക്കിയ ആളാണ് കോവളം ചന്ദ്രന്‍.


അന്നത്തെ കാലം

ഗാന്ധിജിയുടെ അവസാന കേരളസന്ദര്‍ശനത്തിന്റെ 80-ാം വാര്‍ഷികം
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

ഗാന്ധിജി അവസാനമായി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചതിന്റെ എണ്‍പതാം വാര്‍ഷികമാണ് 2017 ജനുവരി 12. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നീ പ്രദേശങ്ങളായി വേര്‍തിരിഞ്ഞുകിടന്ന അന്നത്തെ കേരളത്തില്‍ ഗാന്ധിജിയുടെ അഞ്ചാമത്തേതും അവസാനത്തേതുമായ സന്ദര്‍ശനമായിരുന്നു അത്. ജനുവരി 12ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് അത് സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ്. 1892ല്‍ പാലക്കാട്, കൊച്ചി വഴി തിരുവിതാംകൂറിലെത്തുമ്പോള്‍ വിവേകാനന്ദന് "കേരളം ഭ്രാന്താലയ"മായി തോന്നി. ഇതിനുകാരണം മലയാളക്കരയില്‍ നിലനിന്ന അയിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ആയിരുന്നു. ഹിന്ദുക്കളില്‍ ഒരു വിഭാഗം ആളുകളെ അന്ന് അയിത്തം കല്പിച്ച് അകറ്റിനിര്‍ത്തിയിരുന്നു. ക്ഷേത്രത്തിലല്ല ക്ഷേത്രവഴികളില്‍ കൂടിയോ പ്രധാന വീഥികളില്‍ കൂടിയോ അവര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദം ഇല്ലായിരുന്നു. അവരെ തൊട്ടാല്‍, സവര്‍ണര്‍ക്ക് ഭ്രഷ്ട് ആകുമായിരുന്നു. ഇതുകാരണം സവര്‍ണര്‍ സഞ്ചരിക്കുന്ന വഴികളില്‍ അവര്‍ വഴിമാറിപ്പോകാന്‍ "ഹോയ്, ഹോയ്" എന്ന ശബ്ദം പുറപ്പെടുവിക്കുമായിരുന്നു. ഇവരുടെ ഇടയില്‍ ഡോക്ടര്‍ പരീക്ഷ പാസ്സായവര്‍ ഉണ്ടായിട്ടും ജാതിയുടെ പേരില്‍ ജോലി നല്‍കിയിരുന്നില്ല. അത്തരത്തിലൊരാളായിരുന്നു തിരുവനന്തപുരം സ്വദേശിയായ ഡോ. പല്‍പ്പു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് ജാതിയുടെ പേരില്‍ ജോലി നിഷേധിച്ചു. ഒടുവില്‍ ഇംഗ്ലീഷ് റസിഡന്റിന്റെ സഹായത്തോടെ മൈസൂരില്‍ അദ്ദേഹത്തിന് ഹെല്‍ത്ത് ഓഫീസറായി ജോലി ലഭിച്ചു. ഈ പ്രാകൃതനടപടിക്ക് എതിരെ ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവുമെല്ലാം പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്. 1888ല്‍ ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് സവര്‍ണരെ രോഷാകുലരാക്കി. താന്‍ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് ഗുരു സവര്‍ണര്‍ക്ക് മറുപടി നല്‍കി. അയിത്തത്തിനെതിരെയുള്ള ആദ്യത്തെ വെടിപൊട്ടിക്കലായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. ഇതിന്റെ വാദകോലാഹലങ്ങള്‍ നിലനിന്ന സമയത്താണ് ഡോ. പല്‍പ്പുവില്‍നിന്നും കേരളത്തിലെ ജാതിപിശാചിന്റെ താണ്ഡവനൃത്തത്തെപ്പറ്റി അറിഞ്ഞ സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്ത് എത്തിയത്. അയിത്തത്തിനെതിരെ സമരങ്ങള്‍ക്ക് ശക്തിപകര്‍ന്നുകൊണ്ടാണ് പിന്നീട് ഗാന്ധിജിയുടെ കേരള സന്ദര്‍ശനങ്ങള്‍ നടന്നിട്ടുള്ളത്. അതിന് കേരളത്തിലാകമാനം ശക്തമായ പിന്തുണ ലഭിക്കുകയും ചെയ്തു. ഇതിന്റെ അവസാനമായിരുന്നു 1936 നവംബര്‍ 12ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളംബരം. ഇതുവഴി സമസ്തഹിന്ദുക്കള്‍ക്കും തിരുവിതാംകൂറിലെ എല്ലാ സര്‍ക്കാര്‍ ക്ഷേത്രങ്ങളിലും പ്രവേശിച്ച് ആരാധന നടത്താന്‍ അനുവാദം ലഭിച്ചു. ഈ ആഘോഷപരിപാടികളില്‍ പങ്കെടുക്കാനാണ് 1937 ജനുവരിയില്‍ ഗാന്ധിജി അവസാനമായി തിരുവനന്തപുരത്ത് എത്തിയത്. അതേവരെ അയിത്തം കല്പിച്ച് അകറ്റിനിര്‍ത്തിയിരുന്ന ജനവിഭാഗങ്ങളൊന്നിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെ തിരുവിതാംകൂറിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം ഗാന്ധിജി സന്ദര്‍ശനം നടത്തിയത് ചരിത്രസംഭവമായിരുന്നു. ഈ സന്ദര്‍ശനത്തെപ്പറ്റി ഗാന്ധിജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുന്‍പ് കുരിശുയുദ്ധക്കാരനായിരുന്നുവെങ്കില്‍ ജനുവരിയിലെ സന്ദര്‍ശനം തീര്‍ഥാടകനായിട്ടാണെന്നാണ്. അങ്ങനെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ പ്രധാനഭാഗം ഗാന്ധിജിക്ക് തീര്‍ഥാടനഭൂമിയായി.

എന്നാല്‍ അപ്പോഴും കൊച്ചിയിലെയും കോഴിക്കോട് സാമൂതിരിയുടെയും കീഴിലുള്ള ക്ഷേത്രങ്ങളില്‍ സമസ്തഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. അതുകൊണ്ടാണ് വൃദ്ധനായ സാമൂതിരിയും കൊച്ചി രാജാവും ബാലനായ തിരുവിതാംകൂര്‍ രാജാവിന്റെ മാതൃക സ്വീകരിക്കണമെന്ന് ഗാന്ധിജി അഭ്യര്‍ഥിച്ചത്. പക്ഷേ ഈ രണ്ടു സ്ഥലത്തും സമസ്ത ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കാന്‍ പിന്നീടും വര്‍ഷങ്ങളെടുത്തു.

ഗാന്ധിജിയുടെ ആദ്യസന്ദര്‍ശനം കോഴിക്കോട് മാത്രം
1920 ആഗസ്റ്റ് 18നാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിച്ചത്. ഖിലാഫത്ത് പ്രചരണാര്‍ഥം ആയിരുന്നു ഈ സന്ദര്‍ശനം. അന്ന് ഉച്ചയ്ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഷൗക്കത്താലിയോടൊപ്പം എത്തിയ ഗാന്ധിജിയെ കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി. ഖാന്‍ ബഹദൂര്‍ മുത്തുക്കോയ തങ്ങള്‍ അദ്ദേഹത്തെ ഹാരമണിയിച്ച് താമസസ്ഥലത്തേക്ക് ആനയിച്ചു. വൈകുന്നേരം കടപ്പുറത്ത് കൂടിയ മഹാസമ്മേളനത്തില്‍ ഇരുപതിനായിരത്തില്‍പ്പരം ആളുകള്‍ പങ്കെടുത്തു. ഗാന്ധിജിയുടെ പ്രസംഗം കെ. മാധവന്‍ നായരാണ് പരിഭാഷപ്പെടുത്തിയത്. ഖിലാഫത്ത് നിധിക്കുവേണ്ടി ശേഖരിച്ച 2500 രൂപയുടെ പണക്കിഴി രാമുണ്ണിമേനോന്‍ അദ്ദേഹത്തിന് നല്‍കി. അന്ന് കോഴിക്കോട് തങ്ങിയശേഷം അടുത്ത ദിവസം അദ്ദേഹം തിരിച്ചുപോയി.

1925 മാര്‍ച്ച് 8 മുതല്‍ 19 വരെയായിരുന്നു ഗാന്ധിജിയുടെ രണ്ടാം കേരളസന്ദര്‍ശനം. വൈക്കം സത്യാഗ്രഹികളെ സന്ദര്‍ശിക്കലായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം. കൊച്ചിയിലെത്തിയ അദ്ദേഹം പിന്നീട് വൈക്കത്തും കൊല്ലത്തും ശിവഗിരി മഠത്തിലും തിരുവനന്തപുരം കന്യാകുമാരിവരെയും ആലുവാ വഴി തൃശ്ശൂരും പാലക്കാടും എത്തിയശേഷമാണ് തിരിച്ചുപോയത്. ഈ സന്ദര്‍ശനത്തിലാണ് അദ്ദേഹം ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത്.

1927 ഒക്ടോബര്‍ 9 മുതല്‍ 25 വരെയായിരുന്നു മൂന്നാം സന്ദര്‍ശനം. നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്ത് എത്തിയ ഗാന്ധിജി കൊല്ലം, കൊച്ചി, തൃശ്ശൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, വള്ളുവനാട്, തളിപ്പറമ്പ്, കോഴിക്കോട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

1934 ജനുവരി 10 മുതല്‍ 22 വരെ നടന്ന നാലാം സന്ദര്‍ശനം പാലക്കാട് വഴിയായിരുന്നു. ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം ഗുരുവായൂര്‍, കുന്നംകുളം, പട്ടാമ്പി, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, പാക്കനാര്‍പുരം, കൊയിലാണ്ടി, കോഴിക്കോട്, കല്‍പ്പറ്റ, കൂര്‍ക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി, ആലുവ, എറണാകുളം, ആലപ്പുഴ, നെടുമുടി, കോട്ടയം, ചങ്ങനാശ്ശേരി പന്മന ആശ്രമം, വര്‍ക്കല, തിരുവനന്തപുരം, കന്യാകുമാരി വരെയുള്ള സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനത്തിലാണ് "മാതൃഭൂമി"യില്‍ എത്തി മാനേജിങ് ഡയരക്ടറും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. മാധവന്‍ നായരുടെ ചിത്രം അനാച്ഛാദനം ചെയ്തത്.

1937ല്‍ ക്ഷേത്രപ്രവേശന ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിജിയുടെ അഞ്ചാം സന്ദര്‍ശനം ജനുവരി 12 മുതല്‍ 21 വരെ തിരുവിതാംകൂര്‍ പ്രദേശത്ത് മാത്രമായിരുന്നു. തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയും പിന്നീട് വര്‍ക്കല വഴി കൊല്ലത്തും തട്ടാരമ്പലം, ഹരിപ്പാട്, തകഴി, ചേര്‍ത്തല, വൈക്കം, ഏറ്റുമാനൂര്‍, കുമാരനെല്ലൂര്‍, തിരുവാര്‍പ്പ്, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, ആറന്മുള, പന്തളം എന്നീ സ്ഥലങ്ങളിലൂടെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ദളിത് വിഭാഗത്തോടൊപ്പം അദ്ദേഹം സന്ദര്‍ശനം നടത്തി. ജനുവരി 21ന് കൊട്ടാരക്കര വഴിയാണ് തിരിച്ചുപോയത്.

ഈ അഞ്ച് സന്ദര്‍ശനങ്ങളിലൂടെയും ഗാന്ധിജി കേരളത്തിലെ ജനങ്ങളുടെ ഹൃദയം കവര്‍ന്നു, ശരിക്കുംപറഞ്ഞാല്‍ കേരളത്തിലെ സാമൂഹ്യസാംസ്കാരികരാഷ്ട്രീയ നേതാക്കള്‍ക്ക് മാത്രമല്ല സാധാരണ ആളുകള്‍ക്ക് പോലും അദ്ദേഹം വലിയ കാരണവരായി മാറി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍നിന്നും പി.എസ്. വാര്യര്‍ അയച്ചുകൊടുത്ത മരുന്നുമുതല്‍ പാലക്കാട് ശബരീആശ്രമത്തിലെ ടി.ആര്‍. കൃഷ്ണസ്വാമി അയ്യരുടെ പരുത്തിക്കൃഷി വരെയുള്ള കാര്യങ്ങള്‍ ഇതിനിടയില്‍ ഗാന്ധിജിയുടെ പരാമര്‍ശവിഷയമായിട്ടുണ്ട്. നേതാക്കള്‍ക്ക് മാത്രമല്ല സാധാരണ ആള്‍ക്കാര്‍പോലും കത്ത് അയച്ചാല്‍ ഗാന്ധിജി മറുപടി അയയ്ക്കുമായിരുന്നു, തിരുവിതാംകൂറിലെയും മലബാറിലെയും കൊച്ചിയിലെയും നേതാക്കള്‍ക്ക് ഗാന്ധിജി അവസാനം വരെ മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരുന്നു. സ്വാതന്ത്ര്യലബ്ധി അടുത്തപ്പോള്‍ തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കാന്‍ ദിവാന്‍ സി.പി. രാമസ്വാമിഅയ്യര്‍ ശ്രമിച്ചപ്പോള്‍ അതിനെ കഴിയുന്നത്ര പിന്തിരിപ്പിക്കാന്‍ ഗാന്ധിജി ശ്രമിച്ചു. എന്നാല്‍ സി.പി. അദ്ദേഹത്തിന്റെ ഉപദേശം ചെവിക്കൊണ്ടില്ല. ഐക്യകേരളം വജ്രജൂബിലി ആഘോഷിക്കുന്ന സമയത്താണ് ഗാന്ധിജിയുടെ അവസാന സന്ദര്‍ശനത്തിന്റെ 80-ാം വര്‍ഷം കടന്നുവരുന്നത്. ശരിക്കും പറഞ്ഞാല്‍ മൂന്നായിക്കിടന്ന കേരളത്തെ ഒന്നാക്കി ആദ്യം സഞ്ചരിച്ച മഹാന്‍ സ്വാമി വിവേകാനന്ദനും പിന്നീട് ഗാന്ധിജിയും ആണ്. കേരളത്തില്‍ അവരുടെ സന്ദര്‍ശനങ്ങള്‍ പരസ്പരപൂരകമാണ്.

Malayinkil Gopalakrishnan
T.C. 29/1741 (2), Vallakkadavu P.O.
Thiruvananthapuram - 695008
Ph : 9446503503
E-mail : msgktvm@gmail.com